ABOUT US

1988-ല്‍ കോഴിക്കോട് കേന്ദ്രമായി ആരംഭിച്ച പ്രസിദ്ധീകരണ സ്ഥാപനമാണ് പൂങ്കാവനം പബ്ലിക്കേഷന്‍സ്. കേരളത്തിലെ മുസ്‌ലിം കുടുംബങ്ങളിലെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുകയും സമൂഹത്തിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാടുകയും സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ക്ക് അറുതി വരുത്തുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പൂങ്കാവനം ആരംഭിച്ചത്. എ.കെ. ഇസ്മാഈല്‍ വഫ ചെയര്‍മാനും, ഹുസൈന്‍ രണ്ടത്താണി കണ്‍വീനറുമായിരുന്നു. പാശ്ചാത്യന്‍ സംസ്‌കാരം കേരളീയ കുടുംബാന്തരീക്ഷത്തെ തകര്‍ക്കുന്നതിനെതിരെ ബോധവല്‍കരണമായിരുന്നു മാസികയുടെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം. ഒരു കുടുംബ മാസിക എന്ന നിലയില്‍ 'പൂങ്കാവനത്തെ' മലയാളികള്‍ ആവേശപൂര്‍വ്വം സ്വീകരിച്ചു. ആദ്യലക്കം തന്നെ ഒരു ലക്ഷത്തോളം വരിക്കാരെ സൃഷ്ടിക്കാന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ല. മാസികയുടെ ആദ്യ അച്ചടി ശിവകാശിയില്‍ നിന്നും പിന്നീട് എറണകാളുത്തു നിന്നുമായിരുന്നു. തുടര്‍ന്ന് അച്ചടി അടക്കമുള്ള എല്ലാ കാര്യങ്ങളും കോഴിക്കോട്ടു തന്നെ കേന്ദ്രീകരിച്ചു.

മലയാളത്തില്‍ ഇദംപ്രഥമായി ഇസ്‌ലാമിക വിജ്ഞാന കോശമെന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത് പൂങ്കാവനമാണ്. ഒന്നാം വാള്യത്തിന്റെ പ്രസിദ്ധീകരണം കേരളമൊന്നാകെ സ്വീകരിക്കപ്പെട്ടു. ഡോ. ഹുസൈന്‍ രണ്ടത്താണി ചീഫ് എഡിറ്ററും ഒ.എം. തരുവണ മാനേജിംഗ് എഡിറ്ററും പോക്കര്‍ കടലുണ്ടി എക്‌സിക്യൂട്ടീവ് എഡിറ്ററുമായിരുന്നു. കുട്ടികള്‍ക്കു വേണ്ടി 'താലോലം' എന്ന ബാല പ്രസിദ്ധീകരണവും പൂങ്കാവനം പബ്ലിക്കേഷനില്‍ നിന്നും പുറത്തിറക്കി. ഇക്കാലത്തെ പ്രസിദ്ധ കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുകടവ് പൂങ്കാവനത്തിന്റെ എഡിറ്റോറിയല്‍ സ്റ്റാഫായി പ്രവര്‍ത്തിച്ചിരുന്നു.

പൂങ്കാവനം കുടുംബമാസികയോടൊപ്പം പുസ്തക പ്രസിദ്ധീകരണ മേഖലയിലേക്കും ഈ പബ്ലിക്കേഷന്‍ ശ്രദ്ധ പതിപ്പിച്ചു. മൂന്ന് പതിറ്റാണ്ടിനുള്ളില്‍ അഞ്ഞൂറിലേറെ തലക്കെട്ടുകളിലായി വ്യത്യസ്ത തരം ഗ്രന്ഥങ്ങള്‍ പൂങ്കാവനം വിപണിയിലെത്തിച്ചു. മതം, ചരിത്രം, സൂഫിസം, സാഹിത്യം, വൈജ്ഞാനികം തുടങ്ങി ബാലസാഹിത്യ കൃതികള്‍ വരെ ഈ ഗണത്തില്‍ വരും.

തജ്മല്‍ ഹുസൈന്‍, നൗഫല്‍, എം. ഉസ്മാന്‍ ഹാജി, ഒ.എം. തരുവണ, കെ.സി. അബ്ദുല്‍ ഖാദിര്‍ എന്നിവര്‍ വിവിധ കാലങ്ങളില്‍ ജനറല്‍ മാനേജര്‍മാരായി സേവനം ചെയ്തു. എം. ഉസ്മാന്‍ മുസ്‌ലിയാര്‍, ഒ.എം. തരുവണ, കെ.സി. അബ്ദുല്‍ ഖാദിര്‍ എന്നിവര്‍ മാനേജിംഗ് കമ്മിറ്റിയില്‍ സെക്രട്ടറിമാരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ കെ.പി.അബ്ദുറഹ്മാനാണ് ജനറല്‍ മാനേജര്‍. ഡോ. ഹുസൈന്‍ രണ്ടത്താണി ഇപ്പോഴത്തെ ചീഫ് എഡിറ്ററാണ്. കൂടാതെ ഇബ്രാഹീം ടി.എന്‍.പുരം എഡിറ്റര്‍ ഇന്‍-ചാര്‍ജ്, അബ്ദുല്ല പേരാമ്പ്ര അസിസ്റ്റന്റ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു. മുഹമ്മദ് മാലിക് അസ്ഹരിയാണ് അഡ്മിനിസ്‌ട്രേറ്റര്‍. കോഴിക്കോട് മര്‍കസ് കോംപ്ലക്‌സിലാണ് പൂങ്കാവനത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ബുക് സ്റ്റാളിന്റെ ശാഖയും ഇവിടെത്തന്നെയാണ്.